അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍ക്കെതിരേ സേവ് ലക്ഷദ്വീപ് ഫോറം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കും
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും നീക്കങ്ങള്‍ക്കുമെതിരേ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി സേവ് ലക്ഷദ്വീപ് ഫോറം. ഫോറം അംഗങ്ങള്‍ താമസിയാതെ ഡല്‍ഹിയിലേക്ക് പോയി പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും നേരില്‍ കണ്ട് പരാതി നല്‍കുമെന്നും ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റിവിറ്റീസ് റെഗുലേഷന്‍(ഗുണ്ടാ ആക്റ്റ്), ലക്ഷദ്വീപ് അനിമല്‍ പ്രിസര്‍വേഷന്‍ റഗുലേഷന്‍ ആന്റ് ലക്ഷദ്വീപ് പഞ്ചായത്ത് റെഗുലേഷന്‍, 2021 തുടങ്ങി അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന നിയമങ്ങള്‍ ജനങ്ങളുടെ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നാണ് ലക്ഷദ്വീപ് ഫോറത്തിന്റെ ആശങ്ക.
അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ ആവശ്യമായ ഒരു കാര്യത്തിലും ഇടപെടുന്നില്ലെന്നും പഞ്ചായത്ത് സംവിധാനം പോലുള്ള ജനാധിപത്യ ഇടങ്ങള്‍ മറികടക്കുകയാണ് ചെയ്യുന്നതെന്നും ഫൈസല്‍ പറഞ്ഞു. പഞ്ചായത്തുകള്‍ റബ്ബര്‍ സ്റ്റാമ്പായി മാറിയെന്നും അദ്ദേഹം ആരോപിക്കുന്നു.
കൊവിഡിന്റെ സാഹചര്യത്തില്‍ നൂറു കണക്കിനു പേരെയാണ് വിവിധ തസ്തികകളില്‍ നിന്ന് ഒഴിവാക്കിയത്. അതിനും പുറമെ ലക്ഷദ്വീപ് ജനതയെ നിരന്തരം പരിസഹിക്കുകയാണ് ചെയ്യുന്നതെന്നും പരാതിയുണ്ട്.
അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യപ്രവണതയ്ക്ക് ഉത്തരവാദി കേന്ദ്ര ആഭ്യന്ത്രര മന്ത്രിയാണെന്നും അദ്ദേഹത്തിന്റെ നിയമങ്ങള്‍ ദ്വീപ് ജനത അംഗീകരിക്കില്ലെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
