'സേവ് ബോക്സ്' ആപ്പ് തട്ടിപ്പു കേസ്; നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു
ഭാര്യ സരിതയുടെ മൊഴിയും ഇഡി രേഖപ്പെടുത്തി
കൊച്ചി: സേവ് ബോക്‌സ് ബിഡിങ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യ, ഭാര്യ സരിത എന്നിവരെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പരിശോധിക്കുന്നത്. കൊച്ചി ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകീട്ട് അഞ്ചു മണി വരെ നീണ്ടു.
കേസില്‍ രണ്ടാം തവണയാണ് ജയസൂര്യയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ബുധനാഴ്ചയും ജയസൂര്യയെ ഇഡി ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ ജയസൂര്യ കരാര്‍ ഒപ്പിട്ടിരുന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. തൃശൂര്‍ സ്വദേശി സ്വാതിഖ് റഹീം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയില്‍ തന്നെ ആദ്യ സംരംഭം എന്ന് വിശേഷിപ്പിച്ച ഓണ്‍ലൈന്‍ ലേല ആപ്പാണിത്. 2023ലാണ് ആപ്പിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കോടികള്‍ തട്ടിയെടുത്ത കേസില്‍ സ്വാതിഖ് പോലിസിന്റെ പിടിയിലായി. പിന്നാലെ ഇഡിയും കേസെടുത്തു.