സൗദി: തുറൈഫില്‍ 'ഫഖഅ'യുടെ കാലമായി

തുറൈഫില്‍ 'ഫഖഅ' യുടെ കാലങ്ങളില്‍ പ്രത്യേകം മാര്‍ക്കറ്റ് തന്നെ ഉണ്ടാകും.

Update: 2021-01-18 05:36 GMT

തുറൈഫ്: തണുപ്പു കാലമായതോടെ തുറൈഫിലെ മരുഭൂമികളില്‍ 'ഫഖഅ' പഴം ലഭിച്ചു തുടങ്ങി. സൗദികള്‍ ഏറെ ഇഷ്ടപ്പെടുന്ന പഴമാണ് 'ഫഖഅ'. വൈകുന്നേരം 'ഫഖഅ' യുമായി ആളുകള്‍ എത്തിയാല്‍ മാര്‍ക്കറ്റില്‍ നല്ല തിരക്കായിരിക്കും. അഞ്ച് കിലോഗ്രാം ഉള്ള ഒരു പാക്കിന് എണ്ണൂറ് റിയാല്‍ മുതല്‍ ആയിരത്തി ഇരുനൂറ് റിയാല്‍ വരെ വിലയുണ്ട്. സുലഭമായി ലഭിക്കുന്ന സമയങ്ങളില്‍ കുറയും. വെറുതെ വേവിച്ചു കഴിക്കാമെങ്കിലും ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവക്കായി കബ്‌സയിലും മന്‍സാഫിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു.


ചെറിയ ചെടിയോട് കൂടി ഭൂമിയില്‍ പുറത്തേക്ക് ചെറുതായി പുറംതള്ളി നില്‍ക്കുന്ന 'ഫഖഅ' പഴത്തിന് അഞ്ച് സെന്റിമീറ്റര്‍ മുതല്‍ പതിനഞ്ച് സെന്റിമീറ്റര്‍ വരെ വലിപ്പം ഉണ്ടാകും. മുപ്പത് മുതല്‍ മുന്നൂറ് ഗ്രാം വരെയാണ് ഭാരം. അധികവും ഉരുളക്കിഴങ്ങിന്റെ കളറായിരിക്കുമെങ്കിലും വിവിധയിനം ഫഖഅ ഉണ്ട്. ഫഖഅയില്‍ പ്രധാനമായും മൂന്ന് ഇനങ്ങളാണ്. ഫഖഅ ഖുലാസി, ഫഖഅ സുബൈദി, ഫഖഅ ജുബാഈ എന്നിവയാണ് അവ. ഫഖഅ ഖുലാസിക്ക് നല്ല ചുവപ്പ് നിറവും കട്ടിയുള്ള തൊലിയുമായിരിക്കും. ഫഖഅ സുബൈദിക്ക് വെളുത്ത നിറവും നല്ല മണവുമുണ്ടായിരിക്കും. ഫഖഅ ജുബാഈ നേരിയ കറുപ്പ് നിറമായിരിക്കും.


തുറൈഫില്‍ 'ഫഖഅ' യുടെ കാലങ്ങളില്‍ പ്രത്യേകം മാര്‍ക്കറ്റ് തന്നെ ഉണ്ടാകും. നഗരസഭ ഇതിനായി ഷാറ അബൂബക്കറില്‍ സിവില്‍ ഡിഫന്‍സിനു സമീപം സ്ഥലവും ഇതര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. തണുപ്പ് കാലമായാല്‍ ആദ്യ മഴയും ഇടിയും ഉണ്ടായതു മുതല്‍ നാല്‍പത് ദിവസം ആയാല്‍ തുറൈഫിലെ മരുഭൂമികളുടെ വിവിധ സ്ഥലങ്ങളില്‍ ഇത് കണ്ടു തുടങ്ങും. ലിബിയ, ടുണീഷ്യ, മൊറോക്കോ, ജസാഇര്‍, മൗാറിത്താനിയ തുടങ്ങിയ രാജ്യങ്ങളിലും 'ഫഖഅ' പഴം കാണപ്പെടുന്നുണ്ട്.




Tags:    

Similar News