സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

24, 25 തിയതികളില്‍ ആവശ്യ സര്‍വീസുകള്‍ മാത്രം

Update: 2021-04-21 07:52 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷ്യതയില്‍ നടക്കുന്ന യോഗത്തിലാണ് തീരുമാനം. 24, 25 തിയതികളില്‍ ആവശ്യ സര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ. ആളുകള്‍ പൊതുസ്ഥലങ്ങളില്‍ ഇടപഴകുന്നത് ഈ ദിവസങ്ങളില്‍ പൂര്‍ണമായും വിലക്കും.

ഓഫിസുകളില്‍ 50 ശതമാനം ഹാജര്‍ മാത്രമാക്കും. പരമാവധി വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കും. സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കും. തിരക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ നടപടിയുണ്ടാവും. 

ജില്ല തല ഉദ്യോഗസ്ഥര്‍ പ്രത്യേകമായി ഉത്തരവുകള്‍ ഇറക്കരുത്. ഇക്കാര്യത്തില്‍ സംസ്ഥാനത്ത് പൊതുവായി എടുക്കുന്ന തീരുമാനങ്ങള്‍ മതിയാകുമെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇനി എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങള്‍ നടക്കും. വാക്‌സീന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം കണ്ടൈന്‍മെന്റ് സോണിന് പുറത്തുള്ള സാധാരണ കടകള്‍ 9 മണി വരെ പ്രവര്‍ത്തിക്കാനനുവദിക്കാനും തീരുമാനമായി. പ്രതിരോധവും നിയന്ത്രണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സെക്ടറല്‍ ഓഫീസര്‍മാരെയും പോലിസിനെയും വിന്യാസിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍, അവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ എന്നിവരെ കൃത്യമായി നിരീക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ നയം.



Tags:    

Similar News