സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: സിസിടിവി ദൃശ്യങ്ങള്‍ മായ്ച്ചു

സംഭവത്തിന്റെ ദൃക്‌സാക്ഷിയായ വനിതാ കോണ്‍സ്റ്റബിള്‍, കസ്റ്റഡിയിലെടുത്തവരെ പൊലീസുകാര്‍ രാത്രി മുഴുവന്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് മൊഴി നല്‍കിയതായും മജിസ്‌ട്രേറ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Update: 2020-07-01 05:23 GMT

ചെന്നൈ: പിതാവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സാത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മായ്ക്കപ്പെട്ടു. ഇരുവരെയും ചോദ്യം ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ അവശേഷിക്കുന്നില്ലെന്ന് കൊവില്‍പ്പെട്ടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു


പോലീസ് സ്‌റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ ഹാര്‍ഡ് ഡിസ്‌കുകള്‍ക്ക് 1 ടിബി സംഭരണ ശേഷിയുണ്ടെങ്കിലും ഡാറ്റ മായ്ക്കപ്പെട്ടുവെന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. 'പ്രത്യേകിച്ചും, സംഭവദിവസത്തിന് ശേഷമുള്ള ഫൂട്ടേജ് കാണുന്നില്ല, - റിപ്പോര്‍ട്ട് പറയുന്നു.


സംഭവത്തിന്റെ ദൃക്‌സാക്ഷിയായ വനിതാ കോണ്‍സ്റ്റബിള്‍, കസ്റ്റഡിയിലെടുത്തവരെ പൊലീസുകാര്‍ രാത്രി മുഴുവന്‍ തുടര്‍ച്ചയായി മര്‍ദ്ദിച്ചുവെന്ന് മൊഴി നല്‍കിയതായും മജിസ്‌ട്രേറ്റ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്‌റ്റേഷനിലെ ലാത്തികളിലും മേശയിലും രക്തക്കറകള്‍ കാണപ്പെട്ടിരുന്നു. റിപോര്‍ട്ടിനെ തുടര്‍ന്ന് പൊലിസുകാര്‍ക്കെതിരെ സെക്ഷന്‍ 302 (ബി) പ്രകാരം കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചുമത്താന്‍ ഉത്തരവിട്ട മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് മൊഴി നല്‍കിയ വനിതാ കോണ്‍സ്റ്റബിളിന് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കി.




Tags:    

Similar News