സംസ്‌കൃതം സമ്പൂര്‍ണഭാഷ: സംസ്‌കൃതത്തെ ദേശീയ ഭാഷയാക്കണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍

Update: 2020-09-09 01:03 GMT

മുംബൈ: സംസ്‌കൃതം ലാറ്റിന്‍, റോമന്‍ പോലുള്ള മറ്റ് പല ആദിമ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി സമ്പൂര്‍ണഭാഷയാണെന്നും അതിനെ ദേശീയ ഭാഷയായി മാറ്റണമെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍.

റോമന്‍, ലാറ്റിന്‍ ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി സംസ്‌കൃതം സജീവ ഭാഷയാണ്, സമ്പൂര്‍ണവുമാണ്, അതുകൊണ്ടുതന്നെ ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതത്തിന് ഏത് സമയത്തും ഉയര്‍ത്തെഴുനേല്‍ക്കാനുള്ള കഴിവുണ്ട്- രാജ്ഭവന്‍ പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ ഗവര്‍ണര്‍ ഭഗത് സിങ്‌  കോഷ്യാരി പറഞ്ഞു.

കവികുലഗുരു കാളിദാസ് സംസ്‌കൃത സര്‍വകലാശാലയിലെ ഒമ്പതാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫ്രന്‍സ് വഴിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

സമ്മേളനത്തില്‍ ബാബ രാംദേവ് മുഖ്യാതിഥിയായിരുന്നു.

സംസ്‌കൃതം ഒരു ഭാഷ മാത്രമല്ല, ഒരു സംസ്‌കാരമാണ്. നാം മറ്റ് വിജ്ഞാന വിഷയങ്ങളായ എഞ്ചിനീയറിങ്, മെഡിസിന്‍, നിയമം തുടങ്ങിയവയെ സംസ്‌കൃതവുമായി ബന്ധിപ്പിക്കണം. പുതിയ വിദ്യാഭ്യാസ നയം സംസ്‌കൃത ഭാഷയ്ക്ക് പുതിയ സാധ്യതകള്‍ ഒരുക്കുന്നുണ്ട്. സംസ്‌കൃത സര്‍വകലാശാല പുതിയ സംസ്‌കൃത അധ്യാപകരെ വാര്‍ത്തെടുക്കും- രാം ദേവ് പറഞ്ഞു.  

Tags: