സംഘപരിവാര്‍ അക്രമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്ക് കേസ്; പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

ആര്‍എസ്എസ് ഭീകരതക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ഭയപ്പെടുത്തുന്നത് ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് പോലിസ്

Update: 2022-01-13 11:15 GMT

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയുമായ അഡ്വ. ബിന്ദു അമ്മിണിക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന സംഘപരിവാര ആക്രണങ്ങളില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്് നടത്തിയവര്‍ക്കെതിരേ കേസെടുത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹവും പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയും അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന.

സംഘപരിവാര പ്രവര്‍ത്തകനായ അക്രമിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് ജാമ്യത്തില്‍ വിട്ട പോലിസ് ജനാധിപത്യ രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവരെ കേസുകളില്‍ കുടുക്കി കൂച്ചുവിലങ്ങിടാനാണ് ശ്രമിക്കുന്നത്. ആര്‍എസ്എസ് ഭീകരതക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസടുത്ത് ഭയപ്പെടുത്തുന്നത് ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് പോലിസ്. ആര്‍എസ്എസ്സിനെ വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാനാണ് കേരളാ പോലിസ് ശ്രമിക്കുന്നത്. വിദ്വേഷ-പ്രകോപന പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്ന സംഘപരിവാര നേതാക്കള്‍ക്കെതിരെ കണ്ണടയ്ക്കുന്ന പോലിസാണ് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത്.

ഇടതു ഭരണത്തില്‍ പോലിസ് യോഗിയെ പോലും നാണിപ്പിക്കുന്ന തരത്തില്‍ അധ:പതിച്ചിരിക്കുന്നു. അക്രമികളെ സൈ്വര്യവിഹാരത്തിന് വിടുകയും അക്രമിക്കപ്പെട്ടവര്‍ക്കെതിരെയും അക്രമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്യുന്ന വിചിത്ര രീതി പോലിസ് അവസാനിപ്പിക്കണമെന്നും ഇര്‍ഷാന വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags: