രഞ്ജിയില്‍ മുംബൈയോടേറ്റ കനത്ത തോല്‍വി, സഞ്ജുവിന് ഇരട്ടപ്രഹരം

Update: 2024-01-22 11:26 GMT

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം മുംബൈയോട് കനത്ത തോല്‍വി വഴങ്ങിയത് ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും സഞ്ജു സാംസണ് ഇരട്ട പ്രഹരമായി. ആദ്യ ഇന്നിങ്‌സില്‍ മുംബൈയെ 251 റണ്‍സിന് പുറത്താക്കി സഞ്ജു ക്യാപ്റ്റന്‍സിയില്‍ മികവ് കാട്ടിയെങ്കിലും രണ്ട് ഇന്നിങ്‌സിലും വാലറ്റത്തിന്റെ പ്രകടനം മുംബൈയുടെ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ഇന്നിങ്‌സില്‍ 151/6ലേക്ക് വീണ മുംബൈ അവസാന നാലു വിക്കറ്റില്‍ 100 റണ്‍സടിച്ചപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍  226/5ലേക്ക് വീണശേഷം 319 റണ്‍സിലെത്തി. മുംബൈ വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പ് വേഗം തടയുന്നതില്‍ ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു രണ്ടു തവണയും പരാജയപ്പെട്ടു. ബാറ്റിങിനിറങ്ങിയപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റുവീശി 36 പന്തില്‍ 38 റണ്‍സെടുത്ത സഞ്ജു പുറത്തായതാണ് കേരളത്തിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടത്. കേരളം 170/3 എന്ന മികച്ച സ്‌കോറില്‍ നില്‍ക്കെയാണ് ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച സഞ്ജു വീണത്. പിന്നീട് 74 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കേരളം ഓള്‍ ഔട്ടായി. മുംബൈയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ഭേദപ്പെട്ട ലീഡ് നേടാനാവഞ്ഞത് മത്സരത്തില്‍ എതിരാളികള്‍ക്ക് മുന്‍തൂക്കം നല്‍കുകയും ചെയ്തു.

Tags:    

Similar News