മാഹി സ്‌കൂളില്‍ സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കാന്‍ സമ്മര്‍ദ്ദവുമായി സംഘപരിവാര്‍; മാഹി വിദ്യാഭ്യാസ മേലധ്യക്ഷനെ തടഞ്ഞുവച്ചു

Update: 2022-08-30 09:37 GMT

മാഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പന്തക്കല്‍ ഐ കെ കുമാരന്‍ മാസ്റ്റര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ് ശിക്ഷ ഒഴിവാക്കിയ സവര്‍ക്കറുടെ ഫോട്ടോ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വസംഘടനകളുടെ പ്രതിഷേധം. ഈ ആവശ്യമുന്നയിച്ച് മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഇന്‍ചാര്‍ജ് ഉത്തമരാജിനെ ഹിന്ദുത്വ സംഘം തടഞ്ഞുവയ്ക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഈ ആവശ്യമുന്നയിച്ച് ഏതാനും പേര്‍ ചേര്‍ന്ന് ഉദ്യോഗസ്ഥനെ തടഞ്ഞുവച്ചത്. 

ആസാദി ക അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി സ്ഥാപിക്കുന്ന 75 സ്വാതന്ത്ര്യസമരനേതാക്കളുടെ ചിത്രത്തോടൊപ്പം സവര്‍ക്കറുടെ ചിത്രം ഒളിച്ചുകടത്താനായിരുന്നു ഹിന്ദുത്വസംഘത്തിന്റെ ശ്രമം. ആഗസ്റ്റ് 13ന് ഗാന്ധിയന്‍ കിഴന്തൂര്‍ പത്മനാഭന്റെ നേതൃത്വത്തില്‍ അമര്‍ജ്വാലയെന്ന പേരില്‍ ജാഥയായെത്തി മറ്റു ചിത്രങ്ങള്‍ക്കൊപ്പം സവര്‍ക്കറുടെ ചിത്രം സ്ഥാപിക്കുകയായിരുന്നു. ഇത് വിവാദമായതോടെ ചിത്രം എടുത്തുമാറ്റി. ഇത് പുനഃസ്ഥാപിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം. മാത്രമല്ല, ചിത്രം എടുത്തുമാറ്റിയവര്‍ക്കെതിരേ നടപടിയെടുക്കക്കണമെന്നും ആവശ്യപ്പെട്ടു.

ഉചിതമായ നടപടിയെടുക്കുമെന്ന റീജനല്‍ അഡ്മിസ്‌ട്രേറ്ററുടെ ഉറപ്പിലാണ് ഹിന്ദുത്വര്‍ മാഹി വിദ്യാഭ്യാസ മേലധ്യക്ഷനെ മോചിപ്പിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനിടയില്‍ ബ്രിട്ടീഷുകാരോട് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടയാളാണ് ഹിന്ദുത്വര്‍ വീര്‍സവര്‍ക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന സവര്‍ക്കര്‍. പില്‍ക്കാലത്ത് ഗാന്ധിയെ വധിച്ച കേസിലും സവര്‍ക്കര്‍ പ്രതിയായിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയക്കുകയായിരുന്നു.

Tags: