സംയുക്ത കിസാന്‍ മോര്‍ച്ച പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല

Update: 2021-12-25 12:26 GMT

ഛണ്ഡീഗഢ്: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സിരിക്കാന്‍ പദ്ധതിയില്ലെന്ന് ഒമ്പതംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി. കര്‍ഷക സമര നേതാക്കളായ ജഗ്ജിത് സിങ് ദല്ലേവാല്‍, ഡോ. ദര്‍ശന്‍ പാല്‍ തുടങ്ങിയവരാണ് ഇതുസംബന്ധിച്ച നിലപാടുകളില്‍ വ്യക്തത വരുത്തിയത്. 

സംയുക്ത കിസാന്‍ മോര്‍ച്ച 400ഓളം വ്യത്യസ്ത ആശയശാസ്ത്ര ധാരണകളുള്ള സംഘടനയുടെ സംയുക്ത സമിതിയാണ്. ഈ സംഘടന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനോ തിരഞ്ഞെടുപ്പില്‍ ആര്‍ക്കെങ്കിലും പന്തുണ നല്‍കാനോ ആവശ്യപ്പെടില്ല. കര്‍ഷകരുടെ പ്രത്യേക ആവശ്യവുമായി ബന്ധപ്പെട്ടാണ് കമ്മിറ്റി രൂപീകരിച്ചത്. ആ സമരം താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. അതേസമയം ഇനിയും ബാക്കിയുള്ള ആവശ്യങ്ങളുണ്ട്. അത് അടുത്ത വര്‍ഷം ജനുവരി 15നു ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി അതിര്‍ത്തിയില്‍ ഏകദേശം ഒരു വര്‍ഷം നീണ്ടുനിന്ന സമരം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിച്ചതോടെ അവസാനിപ്പിക്കുകയായിരുന്നു.

Tags:    

Similar News