ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ ഇരിപ്പിടം; പാഠ്യപദ്ധതി പരിഷ്‌ക്കരണ സമിതിയുടെ കരട് നിര്‍ദേശം പരിഗണിക്കരുതെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട്

Update: 2022-07-27 12:10 GMT

തിരുവനന്തപുരം: വിദ്യാലയങ്ങളില ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഒരുമിച്ച് ഇരുത്തുന്നത് പരിഗണിക്കണമെന്ന പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപോര്‍ട്ടിലെ നിര്‍ദേശം സമൂഹത്തില്‍ തെറ്റായ കീഴ്‌വഴക്കങ്ങള്‍ക്ക് വഴിവക്കുമെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കമറുന്നിസ അഭിപ്രായപ്പെട്ടു. സാമൂഹ്യ ജീവിതത്തെയും കുട്ടികളുടെ ഭാവിയെയും പ്രതികൂലമായി ബാധിക്കാന്‍ ഇത്തരം പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ കാരണമാവുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ലിംഗനീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹ്യജീവിതത്തില്‍ ആണിനേയും പെണ്ണിനേയും ഒരു പോലെ പരിഗണിക്കുകയാണ്. ആ പരിഗണന പാര്‍ട്ടിതലത്തിലോ അധികാരതലത്തിലോ പുലര്‍ത്താത്തവരാണ് ഒരുമിച്ചിരുത്തല്‍ പോലുള്ള ചെപ്പടിവിദ്യ കൊണ്ട് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നത്. സ്ത്രീ പുരുഷ സമത്വം വലിയവായില്‍ വിളിച്ചോതുന്നവര തങ്ങളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് സ്ത്രീ എത്തിപ്പെടാതിരിക്കാന്‍ ചരടുവലിക്കുകയാണ്. ആധുനിക കേരളം രൂപംകൊണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഒരു വനിതാ മുഖ്യമന്ത്രിയെ അവതരിപ്പിക്കാന്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ഒരു ഭാഗത്ത് സമൂഹത്തിന്റെ പകുതിവരുന്ന സ്ത്രീജനങ്ങളെ ഏതാണ്ട് മുഴുവനായിത്തന്നെ അധികാര കേന്ദ്രങ്ങളില്‍ നിന്നും തഴയുകയും മറുഭാഗത്ത് സ്ത്രീവിരുദ്ധമായ നടപടികളിലൂടെ നീതിവരുത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനുമാണ് ശ്രമം.

സ്ത്രീക്ക് തുല്യ അവസരങ്ങളോ അംഗീകാരമോ നല്‍കാതെ ഇരിപ്പിടത്തിലൂടെ എങ്ങനെയാണു ലിംഗസമത്വം കൊണ്ടുവരിക എന്ന് സമിതി വ്യക്തമാക്കേണ്ടതാണ്. സ്ത്രീപീഡനങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും തടയാന്‍ നിയമം കാര്യക്ഷമമാക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഭരിക്കുന്ന പാര്‍ട്ടിയുടെ വനിതാ പ്രവര്‍ത്തക നല്‍കിയ സ്ത്രീപീഡന പരാതിയില്‍ വനിതാ കമ്മീഷന്‍ പോലും ഇടപെട്ടത് അക്രമിയായ പാര്‍ട്ടി നേതാവിന് അനുകൂലമായാണ്. പീഡിപ്പിക്കപ്പെട്ട സിനിമ നടിയുടെ കേസിലും അനുഭവം വ്യത്യസ്തമല്ല. അതിജീവിത ഇന്നും നീതിക്ക് വേണ്ടി കേഴുന്നത് ഈ ഭരണകൂടത്തിന്റെയും ഈ സമൂഹത്തിന്റേയും മുന്നിലാണ്.

സ്ത്രീപീഡന കേസുകളില്‍ സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിനോ നടപടികള്‍ക്കോ തയ്യാറാകാത്തവരാണ് ഒരുമിച്ചിരുത്തല്‍ പോലുള്ള ദുരൂഹ നീക്കങ്ങളുമായി മുന്നോട്ട് വരുന്നത് എന്നത് അപഹാസ്യമാണ്. ഇത്തരക്കാര്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സി കമറുന്നിസ ആവശ്യപ്പെട്ടു.

Tags: