'സമത്വ' ലാപ്‌ടോപ് വിതരണ പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം; ഓണ്‍ലൈന്‍ പഠനോപകരണങ്ങളുടെ ലഭ്യതയില്ലായ്മമൂലം ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഡിജിറ്റല്‍ അന്തരം മറികടക്കാനായി എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല നടപ്പിലാക്കുന്ന 'സമത്വ' ലാപ്‌ടോപ് വിതരണ പദ്ധതി അനുകരണീയവും അഭിനന്ദനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അഞ്ച് കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ അദ്ദേഹം കൈമാറി.
കേരളത്തില്‍ ഇതാദ്യമായാണ് ഒരു സര്‍വകലാശാല സ്വന്തം ഫണ്ടില്‍ നിന്ന് നാലര കോടി രൂപ മുടക്കിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരം എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ് പദ്ധതിയുടെ തുടക്കത്തില്‍ സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുക. ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു.