സമസ്ത മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലി പ്രതിനിധി സമ്മേളനം എട്ടാം തിയ്യതി അരീക്കോട് ചെറുശ്ശേരി ഉസ്താദ് നഗരിയില്‍

Update: 2021-12-06 14:12 GMT

അരീക്കോട്: പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സമസ്ത മലപ്പുറം ജില്ലാ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം എട്ടാം തിയ്യതി വൈകീട്ട് നാലിന് അരീക്കോട് ചെറുശ്ശേരി ഉസ്താദ് നഗരിയില്‍ നടക്കും. ഏറനാട്, കൊണ്ടോട്ടി, വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ മഹല്ല് ഖത്വീബ്, കമ്മിറ്റി ഭാരവാഹികള്‍, മഹല്ലിലെ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രതിനിധികളെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണവും സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ് ലിയാര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി വിഷയാവതരണം നടത്തും. 

അബ്ദുറഹിമാന്‍ മുസ് ലിയാര്‍ ഉഗ്രപുരം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.എല്‍.എമാരായ പി.കെ ബശീര്‍, ടി.വി ഇബ്രാഹിം, എ.പി അനില്‍കുമാര്‍, പി.വി അന്‍വര്‍, എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, സയ്യിദ് ബി.എസ്.കെ തങ്ങള്‍, സി.എം കുട്ടി സഖാഫി വെള്ളേരി പ്രസംഗിക്കും. 

സ്വാഗതസംഘം ചെയര്‍മാന്‍ കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, കണ്‍വീനര്‍ സലീം എടക്കര, സി.എം കുട്ടി സഖാഫി വെള്ളേരി, സയ്യിദ് ബി.എസ്.കെ തങ്ങള്‍, എം.സുല്‍ഫീക്കര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.