സമാജ് വാദിപാര്‍ട്ടി നുണ പ്രചരിപ്പിക്കുന്നു; ബിഎസ്പി നേതാക്കള്‍ എസ്പിയില്‍ ചേര്‍ന്നെന്ന ആരോപണം തെറ്റെന്ന് മായാവതി

Update: 2021-06-16 11:52 GMT

ലഖ്‌നോ: ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരും എംഎല്‍എമാരും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന ആരോപണം തെറ്റെന്ന് ബിഎസ്പി മേധാവി മായാവതി. സമാജ് വാദി പാര്‍ട്ടിയുമായി സഹകരിക്കുന്ന എംഎല്‍എമാരെ പാര്‍ട്ടി വളരെ കാലം മുമ്പേ പുറത്താക്കിയതാണെന്നും അവര്‍ പറഞ്ഞു.

ബിഎസ്പി എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്നത് നുണയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദലിത് നേതാക്കള്‍ക്കെതിരേ സമാജ് വാദിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയതിന് അവരെ ഞങ്ങള്‍ പുറത്താക്കിയതാണ്- മായാവതി ട്വീറ്റ് ചെയ്തു.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരുടെ യോഗം വിളിച്ച സമാജ്‌വാദി പാര്‍ട്ടിയുടെ നടപടിയെ മായാവതി അപലപിച്ചു.

യോഗം വിളിച്ച എംഎല്‍എമാര്‍ക്ക് എസ്പി എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയില്‍ അംഗത്വം കൊടുക്കാത്തതെന്ന് മായാവതി ചോദിച്ചു. അവരെ സമാജ് വാദി പാര്‍ട്ടിയിലെടുത്താല്‍ അത് ആഭ്യന്തര കലാപത്തിന് കാരണമാവുമെന്നും മായാവതി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി എല്ലാ കാലത്തും ദലിത് വിരുദ്ധരാണെന്നും ബിഎസ് പി നടത്തിയ ജനക്ഷേമ നടപടികളുടെ ക്രഡിറ്റ് തട്ടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും മായാവതി പരിഹസിച്ചു.

Tags:    

Similar News