സീതാപൂര്‍: കഴിഞ്ഞ 27 മാസമായി സീതാപൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി (എസ്പി) എംഎല്‍എ മുഹമ്മദ് അസം ഖാന് ജയില്‍മോചിതനായി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ശിവ്പാല്‍ യാദവ്, ആഷു മാലിക് എന്നിവരും നിരവധി അനുയായികളും അദ്ദേഹത്തെ ജയിലിനുമുന്നില്‍ സ്വീകരിച്ചു. അദ്ദേഹത്തിന്റെ മക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജയിലില്‍ നിന്ന് നേരെ എംഎല്‍എ അനുപ് ഗുപ്തയുടെ വസതിയിലേക്ക് പോയ അദ്ദേഹം പിന്നീട് രാംപൂരിലേക്ക് പോയി. ജയിലിനുപുറത്ത് അദ്ദേഹത്തെ കാണാനും സ്വീകരിക്കാനും വലിയ ജനക്കൂട്ടംകാത്തിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ വലിയ പോലിസ് സന്നാഹത്തെയും വിന്യസിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷം രണ്ട് മാസം രണ്ട് ദിവസത്തിന് ശേഷമാണ് അസംഖാന് ജയില്മോചിതനാവുന്നതെന്ന് മാധ്യമപ്രവര്‍ത്തകനായ സക്കീര്‍ അലി ത്യാഗി പറഞ്ഞു.
ജാമ്യം നല്കുന്ന മുറക്ക് പുതിയകേസുകള്‍ ചുമത്തി അംഖാനെ ജയിലിലടക്കുന്ന പ്രവണതയെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു.
പുസ്തക മോഷണം, പോത്ത്, ആട്, മോഷണം ഭൂമി കയ്യേറ്റം, ഭൂമി തട്ടിയെടുക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, വൈദ്യുതി മോഷണം തുടങ്ങി 89 കേസുകളാണ് അസംഖാനെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് അസംഖാന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.