ഭരണഘടനാ നിന്ദ: സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു

Update: 2022-07-06 12:30 GMT

തിരുവനന്തപുരം: ഭരണഘടനാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രിയ്ക്ക് സജി ചെറിയാന്‍ രാജിക്കത്ത് നല്‍കി. രാജിക്കത്ത് നല്‍കിയ ശേഷം വാര്‍ത്താസമ്മേളനം നടത്തിയാണ് മന്ത്രി രാജി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് രാജി വെയ്ക്കാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചത്. അതേസമയം, ജനങ്ങളുടെ മുന്നില്‍ പാര്‍ട്ടി ഇക്കാര്യം എങ്ങനെ വിശദീകരിക്കുമെന്ന ചോദ്യവും സജി ചെറിയാന്റെ രാജിയിലേക്ക്് എത്തിയിട്ടുണ്ട്.

നാളെ നടക്കുന്ന സമ്പൂര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമെന്നാണ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും അത് പോരെന്ന നിലപാടില്‍ കേന്ദ്ര നേതൃത്വം എത്തിച്ചേര്‍ന്നതോടെയാണ് രാജി അനിവാര്യമായത്. രണ്ടാം പിണറായി സര്‍ക്കാരിലെ ആദ്യ രാജിയാണ് ഇതോടെ സംഭവിച്ചിരിക്കുന്നത്.

പാര്‍ട്ടിയുടെ നയത്തിനോ നിലപാടിനോ യോജിച്ച നിലപാടല്ല സജി ചെറിയാന്റേതെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. സംഘപരിവാര്‍ ഭരണഘടനാ ലംഘനം നടത്തി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍, സിപിഎം മന്ത്രിയില്‍ നിന്ന് തന്നെ ഇത്തരമൊരു പരാമര്‍ശമുണ്ടായത് ദേശീയ തലത്തില്‍ തന്നെ വലിയ ചോദ്യങ്ങളുയര്‍ന്നേക്കാമെന്ന വിലയിരുത്തലിലാണ് രാജി തീരുമാനമുണ്ടായത്. 

Tags:    

Similar News