2021ലെ സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Update: 2022-07-27 11:59 GMT

തൃശൂര്‍: സാഹിത്യ അക്കാദമിയുടെ 2021 കാലയളവിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്‍വര്‍ അലിക്കാണ് കവിതക്കുള്ള പുരസ്‌കാരം. ഡോ. ആര്‍ രാജശ്രീയും വിനോയ് തോമസും നോവലിനുള്ള പുരസ്‌കാരങ്ങള്‍ പങ്കിട്ടു. വി എം ദേവദാസിനാണ് ചെറുകഥാ സാഹിത്യത്തിനുള്ള പുരസ്‌കാരം.

വൈശാഖനും പ്രഫ. കെ പി ശങ്കരനും അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. ഇവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ട് പവന്റെ സ്വര്‍ണപ്പതക്കവും പൊന്നാടയും ഫലകവും ലഭിക്കും.

സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ആറ് പേര്‍ നേടി. ഡോ. കെ ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ എ ജയശീലന്‍ എന്നിവരാണ് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നേടിയവര്‍. ഇവര്‍ക്ക് 30,000 രൂപയും സാക്ഷ്യപത്രവും ഫലകവും ലഭിക്കും. അറുപത് കഴിഞ്ഞവരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുക.

മറ്റ് പുരസ്‌കാരങ്ങള്‍:

കവിത: അന്‍വര്‍ അലിയുടെ മെഹബൂബ് എക്‌സ്പ്രസ്.

നോവല്‍: ഡോ. ആര്‍ രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത, വിനോയ് തോമസിന്റെ പുറ്റ്

ചെറുകഥ: ദേവദാസ് വി എമ്മിന്റെ വഴി കണ്ടുപിടിക്കുന്നവര്‍

നാടകം: പ്രദീപ് മുണ്ടൂരിന്റെ നമുക്ക് ജീവിതം പറയാം.

സാഹിത്യവിമര്‍ശനം: എന്‍ അജയകുമാറിന്റെ വാക്കിലെ നേരങ്ങള്‍

വൈജ്ഞാനിക സാഹിത്യം: ഡോ. ഗോപകുമാര്‍ ചോലയിലിന്റെ കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും

ജീവചരിത്രം/ആത്മകഥ: പ്രൊഫ. ടി ജെ ജോസഫിന്റെ അറ്റുപോകാത്ത ഓര്‍മകള്‍, എം കുഞ്ഞാമന്റെ എതിര്

യാത്രാവിവരണം: വേണുവിന്റെ നഗ്നരും നരഭോജികളും

വിവര്‍ത്തനം: അയ്മനം ജോണിന്റെ വിവര്‍ത്തനകൃതി കായേന്‍(ഷുസെ സരമാഗു)

ബാലസാഹിത്യം: രഘുനാഥ് പലേരിയുടെ അവര്‍ മൂവരും ഒരു മഴവില്ലും

ഹാസസാഹിത്യം: ആന്‍ പാലിയുടെ അ ഫോര്‍ അന്നാമ.

അക്കാദമി പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപയും സാക്ഷ്യപത്രവും ഫലകവും ലഭിക്കും.


 









Tags: