അയോ​ഗ്യതാ വിഷയത്തിൽ കേന്ദ്രം കക്ഷി ചേരണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രാജസ്ഥാൻ ഹൈക്കോടതിയിൽ

Update: 2020-07-23 02:03 GMT

ജോധ്‌പൂര്‍: അയോ​​ഗ്യരാക്കി നോട്ടിസ് നൽകിയ  നടപടിക്കെതിരേ കോടതിയെ സമീപിച്ച സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പുതിയൊരു പരാതി കൂടി നല്‍കി. അയോഗ്യതാ വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണമാരാഞ്ഞാണ്‌ പുതിയ ഹരജി.

മുതിര്‍ന്ന അഭിഭാഷകരായ എസ്‌ ഹരിഹരന്‍, ദിവേശ്‌ മഹേശ്വരി തുടങ്ങിയവര്‍ വഴിയാണ്‌ കോടതിയെ സമീപിക്കുന്നത്‌. അയോഗ്യത കല്‍പ്പിച്ചുകൊണ്ട്‌ നല്‍കിയ നോട്ടിസ്‌ ഭരണഘടനയുടെ പത്താം ഷെഡ്യൂളിന്റെ പാര 2(1)ന്‌ എതിരാണെന്ന്‌ ഹരജിക്കാര്‍ ആരോപിച്ച സാഹചര്യത്തില്‍ കേന്ദ്രത്തെ കക്ഷിചേര്‍ക്കണമെന്നാണ്‌ ആവശ്യം. അതേസമയം കേന്ദ്രത്തിന്റെ കടന്നുവരവ്‌ ഒരു തരത്തിലുള്ള മുന്‍വിധിയ്‌ക്കും കാരണമാവേണ്ട കാര്യമില്ലെന്നും ഹരജിക്കാര്‍ പറയുന്നു.

നിയമ, നീതിന്യായ വകുപ്പ്‌, നിയമവും നീതിയും മുന്‍നിര്‍ത്തി കേസില്‍ കക്ഷിചേരാനാണ്‌ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്‌.

സച്ചിന്‍ പൈലറ്റിനെയും 18 എംഎല്‍എമാരെയും അയോഗ്യരാക്കിക്കൊണ്ട്‌ നല്‍കിയ നോട്ടിസില്‍ ജൂലൈ 24 ന്‌ രാജസ്ഥാന്‍ ഹൈക്കോടതി വിധി പറയാനിരിക്കെയാണ്‌ പുതിയ ആവശ്യവുമായി ഹരജിക്കാരുടെ വരവ്‌. അയോഗ്യതയുമായി ബ്‌ന്ധപ്പെട്ട ഹരജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ടെന്ന്‌ മുതിര്‍ന്ന അഭിഭാഷകന്‍ പരതീക്‌ കസില്‍വാല്‍ പറഞ്ഞു.

തനിക്കെതിരേ തെറ്റായ ആരോപണം ഉന്നയിച്ചെന്നതിന്റെ പേരില്‍ സച്ചിന്‍, കോണ്‍ഗ്രസ്‌ എംഎല്‍എ ഗിരിരാജ്‌ സിങ്ങിനെതിരേ പരാതി നല്‍കിയിട്ടുണ്ട്‌. സച്ചിന്‍ തനിക്ക്‌ ബിജെപിയില്‍ ചേരാന്‍ പണം വാഗ്‌ദാനം ചെയ്‌തെന്നായിരുന്നു ഗിരിരാജ്‌ മാധ്യമപ്രവര്‍ത്തകരോട്‌ അവകാശപ്പെട്ടത്‌.

സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രി അശോക്‌ ഗെലോട്ടും തമ്മിലുളള തര്‍ക്കം രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ വലിയ പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌.  

Tags: