വീണ്ടും സെന്‍സറിങ്; പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാതെ സഭാ ടിവി

Update: 2023-02-09 06:20 GMT

തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും സെന്‍സറിങ്ങുമായി സഭാ ടിവി. ഇന്ധനസെസ് കുറയ്ക്കാത്തതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കുന്ന വിധത്തിലാണ് പ്രതിപക്ഷം ഇന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തെടുടര്‍ന്ന് 50 മിനിറ്റിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു. എന്നാല്‍, പ്രതിഷേധത്തിന്റെ ദൃശ്യങ്ങളൊന്നും തന്നെ സഭാ ടിവി പുറത്തുവിട്ടില്ല. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നിലാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

എന്നാല്‍, എംഎല്‍എമാര്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ സഭാ ടിവി തയ്യാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ പുറത്തുവിടാതെ ഭരണകക്ഷിക്ക് വേണ്ടി മാത്രമുള്ള ചാനലായി സഭാ ടിവി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സഭാ ടിവി ഇങ്ങനെയാണ് മുന്നോട്ടുപോവുന്നതെങ്കില്‍ അവരുമായി സഹകരിക്കണമോയെന്നതില്‍ പ്രതിപക്ഷത്തിന് പുനരാലോചന നടത്തേണ്ടി വരും. നിയമസഭയില്‍ എല്ലാ ചാനലുകള്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അനുവാദം നല്‍കണം. ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

Tags:    

Similar News