സബര്‍മതി ആശ്രമം ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു; 200 ദലിത് കുടുംബങ്ങളെ കുടിയൊഴുപ്പിക്കാന്‍ അമിത് ഷായുടെ നിര്‍ദേശം

Update: 2021-06-30 18:54 GMT

അലഹബാദ്: ഗുജറാത്തില്‍ ഗാന്ധി സ്ഥാപിച്ച നൂറ്റാണ്ട് പഴക്കമുള്ള സമര്‍മതി ആശ്രമം ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി അഞ്ച് തലമുറകളായി താമസിക്കുന്ന 200 ദലിത് കുടുംബങ്ങളെ കുടിയിറക്കുന്നു. കുടിയിറക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ദാര്‍ പട്ടേലിന്റെ യൂനിറ്റി പ്രതിമക്ക് സമാനമായി ആശ്രമത്തെയും മാറ്റുക എന്നത് നരേന്ദ്രമോദിയുടെ സ്വപ്‌ന പദ്ധതിയാണ്.

1917ലാണ് ഗാന്ധി സബര്‍മതി ആശ്രമം സ്ഥാപിച്ചത്.

കഴിഞ്ഞ ആഴ്ച ഗുജറാത്തിലെത്തിയിരുന്ന അമിത് ഷാ സംസ്ഥാന സര്‍ക്കാരുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.

അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം ഗുജറാത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ കൈലാഷ് നാഥന്‍ സബര്‍മതി ആശ്രമത്തിലെത്തി താമസക്കാര്‍ക്കു മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഓരോ താമസക്കാരനും 60 ലക്ഷം രൂപയോ പകരം താമസസ്ഥലമോ നല്‍കാമെന്നാണ് പ്രാഥമികമായ വാഗ്ദാനം. എല്ലാ കുടുംബങ്ങളും ഏകദേശം നൂറ് വര്‍ഷമായി ഇവിടെ താമസിക്കുന്നവരുടെ പിന്‍മുറക്കാരാണ്.

സബര്‍മതി ആശ്രമത്തിന്റെ എതിരെയുള്ള ക്വാര്‍ട്ടേഴ്‌സുകളിലാണ് ദലിത് കടുംങ്ങള്‍ താമസിക്കുന്നത്. ആശ്രമത്തോടനുബന്ധിച്ചാണ് ആചാര്യ വിമോബ ഭാവെയുടെയും മീരാബെന്നിന്റെയും വാസസ്ഥലമുള്ളത്. ഗാന്ധിയുടെ പ്രധാന ശിഷ്യരായ മഹാദേവ ദേശായി, കാക സാഹെബ് കലേല്‍കര്‍, പണ്ഡിറ്റ് ഖാരെ തുടങ്ങിയവരുടെ വാസസ്ഥലവും ഇവിടെയാണ്.

പട്ടേല്‍ പ്രതിമയുടെ സൂപ്പര്‍വൈസിങ് ഓഫിസറായിരുന്ന ഐ കെ പട്ടേലിനെ സര്‍ക്കാര്‍ സബര്‍മതി ആശ്രമം പദ്ധതിയുടെ ഓഫിസറായി നിയമിച്ചു.

ഹരിജന്‍ സേവാ സംഘ്, സഫായ് വിദ്യാലയ്, ഖാദി, ഗ്രാമോദ്യോഗ് ട്രസ്റ്റ്, സബര്‍മതി ആശ്രമം പ്രസര്‍വേഷന്‍ ട്രസ്റ്റ് തുടങ്ങി സബര്‍മതി ആശ്രമത്തിലെ സ്വത്തുക്കള്‍ അഞ്ച് ട്രസ്റ്റുകളാണ് നോക്കിനടത്തുന്നത്. ഈ ട്രസ്റ്റികളില്‍ നിന്ന് അഞ്ച് അംഗങ്ങളും മുഖ്യമന്ത്രിയും അടങ്ങുന്ന ഒരു കമ്മിറ്റി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്.

അഞ്ചില്‍ മൂന്നെണ്ണത്തിന്റെ ട്രസ്റ്റിമാരിലൊരാളായ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മരുമകന്‍ ജയേഷ് പട്ടേലിന് സബര്‍മതി ആശ്രമത്തില്‍ സ്വന്തം സ്ഥാപനങ്ങളും ഓഫിസുമുണ്ട്.

വീടൊഴിയാന്‍ ആവശ്യപ്പെട്ടുകൊണ്ട് അലഹബാദ് മുനിസിപ്പല്‍ അധികൃതര്‍ താമസക്കാരെ സമീപിച്ചിരുന്നു. വീട് ഒഴിയണമെന്നും ഒന്നുകില്‍ പകരം വീടോ അല്ലെങ്കില്‍ പണമോ സ്വീകരിക്കണമെന്നുമാണ് നിബന്ധന. കരാറില്‍ ഒപ്പുവയ്ക്കുകയാണെങ്കില്‍ ഉടന്‍ 20 ലക്ഷം നല്‍കും. പിന്നീട് വീടൊഴിയുമ്പോള്‍ 40 ലക്ഷം രൂപ നല്‍കും.

Tags: