ശബരിമല യുവതീപ്രവേശം; എന്‍എസ്എസ് കേസ് നടത്തി തോറ്റെന്ന് കാനം രാജേന്ദ്രന്‍

പ്രചാരണത്തില്‍ ശബരിമല ഉയര്‍ത്തി പ്രതിപക്ഷവും എന്‍ഡിഎയും

Update: 2021-03-18 09:08 GMT

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് സിപിഎം ദേശീയ സെക്രട്ടി സീതാറാം യെച്ചൂരിയുടെ പരാമര്‍ശം ചര്‍ച്ചയായിരിക്കേ, വിഷയത്തില്‍ എന്‍എസ്എസ് കേസ് നടത്തി തോറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിധി വന്നപ്പോള്‍ ജനങ്ങളെ സര്‍ക്കാരിനെതിരേ അണിനിരത്തി. കോടതി വിധി വരുന്നത് വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നും കാനം പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ശബരിമല യുവതീ പ്രവേശം പര്‍ട്ടി നിലപാടാണെന്നും ലിംഗ നീതിയാണ് പാര്‍ട്ടി ലക്ഷ്യം വക്കുന്നതെന്നും ഇന്നലെ സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. യെച്ചൂരിയുടെ നിലപാടാണോ മുഖ്യമന്ത്രിക്കെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് പഴയ നിലപാട് തന്നെ മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കോടതിയുടെ പരിഗണനയിലാണെന്നും വിധിക്ക് ശേഷം ചര്‍ച്ചയാവാമെന്നുമായിരുന്നു പ്രതികരണം. സര്‍ക്കാരിന്റെ ശബരിമല യുവതി പ്രവേശനവും നവോഥാന മതിലും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രതിപക്ഷവും എന്‍ഡിഎയും.

Tags: