ശബരിമല യുവതീ പ്രവേശനം: വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ്‌

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്.

Update: 2019-12-05 07:57 GMT
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാല്‍ നിലവിലെ വിധി അന്തിമല്ലെന്നായിരുന്നു എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടത്.

ശബരിമല പ്രവേശത്തിന് സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹനാ ഫാത്തിമ സമര്‍പ്പിച്ച ഹരജിയും ഈ കുട്ടത്തില്‍ പരിഗണിക്കും. അടുത്താഴ്ചയാണ് വാദം കേല്‍ക്കുന്നത്. ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാവുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. ഇതിനായി പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാജരായത്.

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് പ്രതിഷേധം ഉണ്ടായിരുന്നു. എന്നാല്‍ ദര്‍ശനത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ബിന്ദു അമ്മിണി ആവര്‍ത്തിച്ചെങ്കിലും സുരക്ഷ നല്‍കാനാവില്ലെന്ന് പോലിസ് നിലപാടെടുത്തു. ഇതോടെ അവര്‍ക്ക് തിരിച്ചുപോവേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രിംകോടതി ഉത്തരവ് നടപ്പാക്കണമെന്നും പോലിസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് ബിന്ദു അമ്മിണി സുപ്രിംകോടതിയെ സമീപിച്ചത്.

Tags: