ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും; തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Update: 2020-11-15 04:04 GMT

പത്തനംതിട്ട: തീര്‍ത്ഥാടനകാലത്തിന് ആരംഭം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് അഞ്ചിന് തുറക്കും. നാളെ മുതലെ തീര്‍ഥാടകര്‍ക്ക് പ്രവേശനമുണ്ടാകു. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി നട തുറക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നാണ്.

16 ന് പുതിയ മേല്‍ശാന്തിയാകും നട തുറക്കുക. കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം. പമ്പയിലോ, സന്നിധാനത്തോ തങ്ങാന്‍ അനുമതിയില്ല. 24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം.

ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റും. മുന്‍കൂട്ടി ബുക്ക് ചെയ്ത 1000 പേര്‍ക്കാണ് പ്രതിദിനം മലകയറാന്‍ അനുമതിയുള്ളത്.