ശബരിമല തീര്‍ഥാടക ഷോക്കേറ്റ് മരിച്ച സംഭവം, ഗുരുതര സുരക്ഷാ വീഴ്ച; അടിയന്തര നഷ്ടപരിഹാരം നല്‍കണം: എം എം താഹിര്‍

Update: 2025-05-21 07:49 GMT

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ സ്ത്രീ ഷോക്കേറ്റ് മരിച്ച സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍. സംഭവത്തില്‍ സമഗ്രവും സത്വരവുമായ അന്വേഷണം വേണം. ഷോക്കേറ്റ് മരിച്ച തെലങ്കാന സ്വദേശിനിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം.

കുടിവെള്ള കിയോസ്‌കില്‍ നിന്ന് ഷോക്കേല്‍ക്കാനിടയായ സംഭവം അതീവ ഗൗരവതരമാണ്. തികച്ചും ബന്ധപ്പെട്ടവരുടെ അനാസ്ഥയാണ് അപകടത്തിനു പിന്നിലെന്ന് വ്യക്തമാണ്. തീര്‍ഥാടകരില്‍ നിന്നുള്ള വരുമാനം സ്വീകരിക്കുന്ന സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും അവര്‍ക്ക് സുഗമമായ തീര്‍ഥാടനത്തിനുള്ള സൗകര്യങ്ങളും സുരക്ഷയും ഒരുക്കാനുള്ള ബാധ്യതയുണ്ട്. കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും അധികൃതര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: