ശബരിമല പടിപൂജ ബുക്കിങില്‍ തട്ടിപ്പ്; രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിങുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗുരുതരമായ ക്രമക്കേടുകളില്‍ ഹൈക്കോടതി ശക്തമായ ഇടപെടല്‍ നടത്തി. ബുക്കിങുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഉടന്‍ പിടിച്ചെടുക്കാനും അവ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാനും ദേവസ്വം വിജിലന്‍സ് ചീഫ് ഓഫീസര്‍ക്ക് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.
ചീഫ് വിജിലന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ് ശബരിമലയിലെ പടിപൂജ ബുക്കിങില്‍ ക്രമക്കേടുകള്‍ പുറത്തുവന്നത്. പടിപൂജ ബുക്ക് ചെയ്ത ചിലര്‍ വ്യാജ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കൂടാതെ, ബുക്ക് ചെയ്ത പടിപൂജ മറിച്ചുവില്‍ക്കുന്നതായും വിജിലന്‍സ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പടിപൂജ ബുക്കിങ് മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് അറിയിച്ചു. പടിപൂജ ബുക്കിങിന്റെ വിശ്വാസ്യതയില്‍ത്തന്നെ ആശങ്കയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടുത്ത ഒരു വര്‍ഷത്തെ പടിപൂജ ബുക്കിങിന്റെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടല്‍.