ശബരിമല മണ്ഡലകാലത്തിന് ഇന്ന് തുടക്കം; ഇത്തവണയും വിവാദം കൊഴുക്കും

ശബരിമല വിധി നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍, ശബരിമല വിധിയില്‍ ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലെന്നും കോടതിവിധിയെ മാനിക്കുകയാണ് നിയമമെന്നും സുപ്രിം കോടതി ജഡ്ജി ആര്‍ എഫ് നരിമാന്‍ ഓര്‍മിപ്പിക്കുന്നു.

Update: 2019-11-16 05:07 GMT

പത്തനംതിട്ട: യുവതീപ്രവേശത്തെ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കെ തന്നെ പുതിയൊരു തീര്‍ത്ഥാടന കാലത്തിന് തുടക്കമായി. ഇന്ന് വൈകീട്ട് 5 മണിക്ക് നട തുറക്കുന്നതോടെയാണ് 41 ദിവസത്തെ മണ്ഡലകാലം ആരംഭിക്കുക. 2018 ലെ സുപ്രിം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം സംഘര്‍ഷഭരിതമായിരുന്നു. 2018 ലെ ശബരിമല വിധിയില്‍ 64 ഓളം കക്ഷികള്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച സുപ്രിം കോടതി, കേസ് വിശാല ബഞ്ചിന് വിട്ടെങ്കിലും പഴയ വിധി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍ പ്രതിസന്ധി ഇത്തവണയും തുടരാനാണ് സാധ്യത. സ്ഥിതിഗതികള്‍ കണക്കിലെടുത്ത് പതിനായിരത്തോളം വരുന്ന വമ്പിച്ച പോലിസ് സന്നാഹം സന്നിധാനത്ത് വിന്യസിച്ചിട്ടുണ്ട്.

അതേസമയം ശബരിമല വിധി നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീഷ് ഗുപ്തയാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിനെ ഉപദേശിച്ചത്. എന്നാല്‍ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഡിനൊപ്പം ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ തികച്ചും വ്യത്യസ്തമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ ശിവകുമാറിന്റെ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ വാദം കേള്‍ക്കുന്നതിനിടിയില്‍ ന്യൂനപക്ഷ വിധി സര്‍ക്കാര്‍ വായിച്ചുനോക്കണമെന്ന് ജസ്റ്റിസ് നരിമാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിക്കുകയുണ്ടായി. ശബരിമല വിധിയില്‍ ഇപ്പോഴും മാറ്റങ്ങളൊന്നുമില്ലെന്നും കോടതിവിധിയെ മാനിക്കുകയാണ് നിയമമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വിധിയെ മറികടക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്നു. അതിന് ആര്‍ക്കും അവകാശമില്ല. മാത്രമല്ല, അത് നടപ്പാക്കുന്നത് ഭരണഘടനമാപരമായ കര്‍ത്തവ്യവുമാണ്. സ്ത്രീകളെയും കുട്ടികളെയും പ്രവേശിപ്പിക്കാനുള്ള വിധിയില്‍ ഇനിയും മാറ്റം വരുത്തുകയോ സ്‌റ്റേ കൊണ്ടുവരികയോ ചെയ്തിട്ടില്ല. രാജ്യത്ത് നിയമവാഴ്ച നടപ്പില്‍ വരുത്തണമെങ്കില്‍ അത് നടപ്പാക്കുക തന്നെ വേണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ശബരിമല വിധിപ്രകാരം യുവതീപ്രവേശത്തിന് വിലക്കില്ലെന്ന് വാര്‍ത്താമാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു കേസില്‍ ഇടപെട്ടുകൊണ്ടാണെങ്കിലും 2018 ലെ വിധിയില്‍ സുപ്രിം കോടതിയുടെ നിലപാടാണ് നരിമാന്‍ പറഞ്ഞത്.

എന്നാല്‍, ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ക്കുള്ള സ്ഥലമല്ല, ശബരിമലയെന്നാണ് യുവതീപ്രവേശത്തോടുള്ള കേരളസര്‍ക്കാരിന്റെ നിലപാട്. ഇത്തവണ ശബരിമലയിലേക്ക് സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ലെന്ന മറുപടിയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയത്. മുമ്പും സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോയിട്ടില്ല, ഇനിയും കൊണ്ടുപോവില്ല. പോവണമെന്നുള്ളവര്‍ സുപ്രിം കോടതിയുടെ ഉത്തരവുമായി വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃപ്തി ദേശായിയെപ്പോലുള്ളവരുടെ പ്രചാരണം ലക്ഷ്യമിട്ടു നീങ്ങുന്നവര്‍ക്കുള്ള സ്ഥലമല്ല ശബരിമല. ഭക്തിയല്ല അവരുടെ പ്രശ്‌നം, വ്യക്തിതാത്പര്യമാണ്. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കില്ലെന്നും കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടനകാലം അലങ്കോലമാക്കാന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു. ചുരുക്കത്തില്‍ ശബരിമലയിലെ ഇത്തവണത്തെ തീര്‍ത്ഥാടനകാലവും സംഘര്‍ഷഭരിതമായേക്കും.  

Tags:    

Similar News