ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി പി എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. 14 ദിസവത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എസ്‌ഐടി അധികം വൈകാതെ കസ്റ്റഡി അപേക്ഷ നല്‍കിയേക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കടംകംപള്ളി സുരേന്ദ്രന് അറിയാമായിരുന്നെന്നാണ് സൂചനകള്‍. കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ അറിവോടെയാണെന്നാണ് പത്മകുമാര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാര്‍ നേരത്തേ പറഞ്ഞിരുന്നു.
ചിരിച്ചുകൊണ്ടാണ് പത്മകുമാര്‍ അന്വേഷണ സംഘത്തോട് സംസാരിച്ചത്. നിങ്ങള്‍ തേടിവരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്നാണ് എസ് ഐ ടിയോട് പറഞ്ഞത്.കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍. കേസില്‍ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോര്‍ഡ് പ്രസിഡന്റുമാണ് പത്മകുമാര്‍. മുന്‍ പ്രസിഡന്റ് എന്‍ വാസു റിമാന്‍ഡിലാണ്.