ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യും. രണ്ട് ദിവസത്തിനകം നോട്ടിസ് നല്‍കി വിളിച്ചുവരുത്തുമെന്നാണ് സൂചന. 2025ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതിലാണ് ചോദ്യം ചെയ്യല്‍.
40 വര്‍ഷം ഗ്യാരന്റി പറഞ്ഞിരുന്ന പാളികള്‍ 2025 സെപ്തംബറിലാണ് സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക് കൊണ്ടുപോയത്. അറ്റകുറ്റപ്പണി നടത്തി തിരിച്ചെത്തിച്ച് ആറാം വര്‍ഷം വീണ്ടും സ്വര്‍ണം പൂശുകയായിരുന്നു. ഇതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് മുന്‍കൈ എടുത്തത്. സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ഈ ഇടപാടുകള്‍ സംബന്ധിച്ചായിരിക്കും പി എസ് പ്രശാന്തിന്റെ ചോദ്യം ചെയ്യല്‍.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. മൊഴി രേഖപ്പെടുത്തിയെന്നും ദ്വാരപാല ശില്പം സ്വര്‍ണം പൂശുന്നതിന് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് എസ്ഐടി ചോദിച്ചതെന്നും പ്രശാന്ത് പറഞ്ഞിരുന്നു.