ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ അറസ്റ്റില്‍
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ അറസ്റ്റില്‍. പ്രത്യക അന്വേഷണ സംഘമാണ് പത്മകുമാറിനെ അറസ്റ്റു ചെയ്തത് . തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തില്‍ നടന്ന എസ്‌ഐടിയുടെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. എസ്‌ഐടി തലവന്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഇന്ന് ചോദ്യം ചെയ്യല്‍ നടന്നത്.
എന്‍ വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും അധ്യക്ഷനുമായിരുന്ന എന്‍ വാസു എന്നിവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
എന്‍ വാസു ദേവസ്വം ബോര്‍ഡ് കമ്മിഷണറായിരിക്കെ പത്മകുമാറായിരുന്നു ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍. 2019ല്‍ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണവും കട്ടിളപ്പാളികളും അറ്റകുറ്റപ്പണിക്കായി അഴിച്ച് കൊണ്ടുപോകുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നത് എ പത്മകുമാര്‍ ആയിരുന്നു.