കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇഡി ഏറ്റെടുക്കും. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലന്‍സ് കോടതി വിധി. കേസ് ഇഡിക്ക് കൈമാറുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിര്‍പ്പ് തള്ളിയാണ് കോടതി ഉത്തരവ്. ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും അടക്കമുള്ള രേഖകള്‍ ഇഡിക്ക് കൈമാറണമെന്നാണ് നിര്‍ദേശം.
അതേസമയം, ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ എസ്‌ഐടി എതിര്‍ത്തിരുന്നു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സമാന്തര അന്വേഷണം വേണ്ടെന്നുമായിരുന്നു എസ്‌ഐടിയുടെ നിലപാട്. കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നായിരുന്നു എസ്‌ഐടിക്ക് വേണ്ടി വാദിച്ച പ്രോസിക്യൂഷന്‍ അറിയിച്ചത്.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ഹൈക്കോടതിയാണ് തള്ളിയത്.