ശബരിമല സ്വര്‍ണക്കൊള്ള; കേസെടുത്ത് ഇഡി

Update: 2026-01-09 08:41 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് ഇഡി. പിഎംഎല്‍എ വകുപ്പ് ചേര്‍ത്താണ് അന്വേഷണം. നേരത്തെ കേസിന്റെ വിവരങ്ങള്‍ തേടി റാന്നി കോടതിയില്‍ ഇഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എഫ്ഐആര്‍ അടക്കം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ കോടതി ആവശ്യം നിരസിച്ചിരുന്നു. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇഡിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

കേസില്‍ ഇതുവരെ നടന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇഡി കേസെടുക്കാന്‍ അനുമതിക്കായി ഡല്‍ഹിയിലേക്ക് വിവരങ്ങള്‍ കൈമാറിയിരുന്നു. കേസെടുക്കാന്‍ അനുമതി ലഭിച്ചതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നും ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നിട്ടുള്ളതിനാല്‍ തങ്ങള്‍ക്ക് അന്വേഷിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഇഡി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹരജിയില്‍ പറഞ്ഞിരുന്നത്.അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു.

Tags: