ശബരിമല സ്വര്‍ണക്കൊള്ള; ഭക്തരെ വഞ്ചിച്ച ദേവസ്വം മന്ത്രി രാജിവെക്കുക- എസ്ഡിപിഐ
17ന് ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് ഒക്ടോബര്‍ 17ന് മാര്‍ച്ച് നടത്താന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സ്വര്‍ണപ്പാളിയില്‍ നിന്ന് 475 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്നും സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നെന്ന് സംശയിക്കുന്നുവെന്നുമാണ് ഹൈക്കോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നത്. വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും കോടതിക്ക് മാത്രമേ എസ്‌ഐടി റിപോര്‍ട്ട് നല്‍കേണ്ടതെന്നുമുള്ള ഇടക്കാല ഉത്തരവിലെ പരാമര്‍ശം അതീവ ഗൗരവതരമാണ്. സംസ്ഥാനത്തെ അന്വേഷണ സംവിധാനങ്ങളില്‍ കോടതിക്കുപോലും വിശ്വാസമില്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
ദേവസ്വം കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് ശില്പവും പാളിയും സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയത്. പോറ്റിക്ക് കൈമാറിയ സമയത്ത് മഹസര്‍ തയ്യാറാക്കി അതില്‍ തന്ത്രിയും ഒപ്പിട്ടിട്ടുണ്ട്. മഹസറില്‍ രേഖപ്പെടുത്തിയത് സ്വര്‍ണം എന്നല്ല, ചെമ്പുപാളി എന്നാണ്. ഇത് ഗൂഢാലോചനയുടെയും തട്ടിപ്പിന്റെയും ആഴം വ്യക്തമാക്കുന്നു. സ്വര്‍ണ കവര്‍ച്ചയില്‍ ഉന്നത തലങ്ങളില്‍ ആസൂത്രണം നടന്നെന്നും ഉന്നത സ്ഥാനങ്ങളിലുള്ള പലര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് ഇതുവരെയുള്ള റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസ കേന്ദ്രമായ ശബരിമലയെ പോലും തട്ടിപ്പിന്റെ കേന്ദ്രമാക്കി മാറ്റിയവര്‍ ഒരു തരത്തിലുള്ള മാപ്പും അര്‍ഹിക്കുന്നില്ല. നീതി ബോധവും ധാര്‍മികതയും അല്‍പ്പമെങ്കിലുമുണ്ടെങ്കില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജി വെക്കാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം മന്ത്രിയെ സഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ആര്‍ജ്ജവം കാണിക്കണം. ഈ വഷയത്തില്‍ സമരവും പ്രചാരണവും ശക്തമാക്കാനും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി ആര്‍ സിയാദ്, റോയ് അറയ്ക്കല്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സെക്രട്ടറിയേറ്റംഗങ്ങളായ വി ടി ഇഖ്റാമുല്‍ ഹഖ്, അഡ്വ. എ കെ സലാഹുദ്ദീന്‍, അജ്മല്‍ ഇസ്മാഈല്‍ സംസാരിച്ചു.
