ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വിട്ടു

Update: 2025-10-17 06:54 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ഒക്ടോബര്‍ 30വരെയായിരിക്കും ഇത്. സമയം വേണമെന്ന എസ്‌ഐടിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഈ സമയം അന്വേഷണ സംഘത്തിന് നിര്‍ണായകമായിരിക്കും. എസ്‌ഐടിയുടെ ആദ്യ തെളിവെടുപ്പ് ബെംഗളൂരുവിലായിരിക്കുമെന്നാണ് റിപോര്‍ട്ട്.

സ്വര്‍ണ കൊള്ളയില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സൂചന. തട്ടിയെടുത്ത സ്വര്‍ണം പലര്‍ക്കായി വീതിച്ചു നല്‍കിയെന്ന് പോറ്റി എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. സ്മാര്‍ട്ട് ക്രിയേഷനില്‍ നടന്ന ഇടപാടുകളടക്കമുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. പോറ്റിയെ ഇനിയും വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.

ഇന്നലെയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്ത് വീട്ടില്‍ നിന്ന് രാവിലെ കസ്റ്റഡിയിലെടുത്ത പോറ്റിയെ പത്തുമണിക്കൂറോളം ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. രാത്രി 11:30നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണപ്പാളി കവര്‍ച്ച, ശീകോവിലിന്റെ സ്വര്‍ണക്കവര്‍ച്ച എന്നിങ്ങനെ രണ്ടുകേസുകളാണ് ഇയാള്‍ക്കതിരേ ഉള്ളത്.

Tags: