ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിന്റെ അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ഇന്ന് എസ്‌ഐടി കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. വാസുവിനെതിരേ കൃത്യമായ മൊഴികള്‍ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വാസുവിന് സ്വര്‍ണകൊള്ളയില്‍ കൃത്യമായ പങ്കുണ്ടെന്നാണ് എസ്‌ഐടി പറയുന്നത്. അതുകൊണ്ടുതന്നെ വാസുവിനെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
കട്ടിള പാളി കേസില്‍ മൂന്നാം പ്രതി സ്ഥാനത്തുള്ളത് എന്‍ വാസുവാണ്. 2019 മാര്‍ച്ചിലാണ് മുന്‍ ദേവസ്വം കമ്മീഷണറുടെ ശുപാര്‍ശയില്‍ സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്‌ഐടി വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ എന്‍ വാസുവാണ് കമ്മീഷണര്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു, സുധീഷ് കുമാര്‍ എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റി അത് വിറ്റിരുന്നു.ബാക്കി വന്ന സ്വര്‍ണം നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ ഉപയോഗിക്കാന്‍ അനുമതി തേടി പോറ്റി കത്തെഴുതുമ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവായിരുന്നു. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായ സുധീഷ് കുമാറിനാണ് വാസു ഈ കത്തയക്കുന്നത്.