ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിന് അനുമതി നല്‍കി കോടതി

Update: 2026-01-13 06:53 GMT

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി. രാജീവരരുടെ അറസ്റ്റിന് കൊല്ലം വിജിലന്‍സ് കോടതി അനുമതി നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി.

2019 മേയില്‍ കട്ടിളപ്പാളികള്‍ ശബരിമല ശ്രീകോവില്‍ നിന്ന് ഇളക്കിക്കൊണ്ടു പോകുന്നതിന് തന്ത്രി മൗനാനുവാദവും ഒത്താശയും നല്‍കി എന്നാണ് കേസ്. കട്ടിള പാളികള്‍ ഇളക്കുന്ന സമയത്തും ഒരു മാസത്തിനു ശേഷം അവ തിരികെ സ്ഥാപിക്കുന്ന സമയത്തും കണ്ഠരര് രാജീവര്‍ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നും ആചാരലംഘനം നടക്കുന്നു എന്ന് ബോധ്യമായിട്ടും തടഞ്ഞില്ലെന്നും പോലിസ് ആരോപിക്കുന്നു. ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയും ആയിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും വാദിക്കുന്നു.

രണ്ടു പതിറ്റാണ്ടിന്റെ സൗഹൃദമാണ് തനിക്ക് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഉള്ളതെന്ന് തന്ത്രി വെളിപ്പെടുത്തിയിരുന്നു. തന്ത്രിയുടെ സഹായിയാണ് പോറ്റി ശബരിമലയിലേക്ക് എത്തിയത്. പിന്നീട് ഇടനിലക്കാരനായി നിന്ന് സ്വര്‍ണക്കൊള്ളയിലെത്തുകയായിരുന്നുവെന്നാണ് പോലിസ് ആരോപിക്കുന്നത്.

Tags: