ശബരിമല സ്വര്‍ണക്കൊള്ള; ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി എ പത്മകുമാര്‍

Update: 2025-12-19 05:01 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഹൈക്കോടതിയില്‍. ജാമ്യം തേടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രസിഡന്റായിരിക്കേ വാതില്‍പ്പാളി കൊണ്ടുപോകാന്‍ അനുമതി നല്‍കിയതിലൂടെ സ്വര്‍ണം തട്ടാന്‍ അനുമതി നല്‍കിയെന്നാണ് കേസ്.

തന്ത്രിയുടെ ശുപാര്‍ശയെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണി നടത്തിയത്. ദേവസ്വം കമ്മിഷണറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രസിഡന്റിന് തനിച്ച് തീരുമാനമെടുക്കാനാകില്ലെന്നും പത്മകുമാര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

വാതില്‍പ്പാളി സ്വര്‍ണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിര്‍ന്ന അഭിഭാഷകന്‍ പി വിജയഭാനു വഴി ഫയല്‍ചെയ്ത ജാമ്യഹര്‍ജിയില്‍ ഉന്നയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതില്‍പ്പാളിയും സ്വര്‍ണം പൊതിഞ്ഞതായി പറയുന്നത്. എത്ര സ്വര്‍ണമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് രജിസ്റ്റര്‍ ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞിരുന്നു.

അതേസമയം, സ്വര്‍ണപ്പാളി കേസുകളിലെ എഫ്‌ഐആര്‍ ഉള്‍പ്പെടെയുള്ള രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ അപേക്ഷയില്‍ ഇന്ന് വിധി വരും. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക.

Tags: