ശബരിമല സ്വര്‍ണക്കൊള്ള; നടന്‍ ജയറാമിന്റെ മൊഴിയെടുക്കും

Update: 2025-11-23 04:50 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം. സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്ന് എസ്‌ഐടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലേക്ക് മറ്റൊരു കട്ടിളപ്പടി കൂടി സ്‌പോണ്‍സര്‍ ചെയ്തിരുന്നുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ഇതിന്റെ പൂജാ ചടങ്ങുകളിലായിരുന്നു ജയറാം പങ്കെടുത്തത്. ആന്ധ്രപ്രദേശ് സ്വദേശിയായ വ്യവസായിയാണ് നിര്‍മാണത്തിനുള്ള പണം ചെലവഴിച്ചത്. ആന്ധ്രപ്രദേശിലായിരുന്നു നിര്‍മാണം.

കട്ടിളപ്പടി നിര്‍മിച്ചതിനുശേഷം ചൈന്നെയില്‍ എത്തിച്ച് സ്വര്‍ണം പൂശി. തുടര്‍ന്ന് ചെന്നൈയില്‍ തന്നെ നടത്തിയ പൂജയിലാണ് ജയാറാം പങ്കെടുത്തത് എന്നാണ് വിവരം. ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിരുന്നു.

നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്. അന്വേഷണവുമായി സഹകരിക്കുമെന്ന് ജയറാം വ്യക്തമാക്കിയിരുന്നു. അയ്യപ്പന്‍ തന്ന നിയോഗമാണെന്ന് കരുതിയാണ് പൂജ ചെയ്തതെന്ന് ജയറാം പറഞ്ഞിരുന്നു.

Tags: