ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനെ ആറന്മുള മണ്ഡലം എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ നിന്ന് നീക്കി

നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം

Update: 2026-03-16 02:03 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എ പത്മകുമാറിനെ ആറന്മുളയിലെ എല്‍ഡിഎഫ് പദവിയില്‍ നിന്ന് നീക്കി. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂര്‍ ശങ്കരനാണ് പകരം ചുമതല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായിരുന്നു പത്മകുമാര്‍. ജില്ലാ കമ്മിറ്റിയില്‍ നിന്നും പത്മകുമാറിനെ നീക്കിയേക്കുമെന്ന് റിപോര്‍ട്ടുകളുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് നടപടി.

തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പത്മകുമാറിനെ ഒഴിവാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സംഭവത്തില്‍ എ പത്മകുമാര്‍ സിപിഎമ്മിന് വിശദീകരണം നല്‍കിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതന്‍ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്.

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതും ജയില്‍വാസം അനുഭവിച്ചതും. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പത്മകുമാര്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിലും ദ്വാരപാലക കേസിലും എ പത്മകുമാര്‍ പ്രതിയാണ്.

2025 നവംബര്‍ 20നാണ് കട്ടിളപാളി കേസില്‍ എ പത്മ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ റിമാന്‍ഡിലിക്കെ ദ്വാരപാലക കേസിലും എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് 31നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പത്മകുമാറിന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം നഷ്ടമായിരിക്കുന്നത്.

Tags: