ശബരിമല സ്വര്‍ണക്കൊള്ള; പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്തയച്ച് ഇഡി
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളുടെ മൊഴിപ്പകര്‍പ്പുകള്‍ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് കത്തയച്ച് ഇഡി. ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്‌ഐടി ഇഡിക്ക് നല്‍കേണ്ടത്.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇതുവരെ കുറ്റപത്രം നല്‍കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ കഴിയാത്തതാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രതിസന്ധിയായത്. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്തതോടെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഫെബ്രുവരി 1 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ പ്രധാന പ്രതികള്‍ക്ക് അടക്കം ജാമ്യം ലഭിക്കുന്ന സഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ ഇഡി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് മുരാരി ബാബുവിന് ഇ ഡി ഉടന്‍ സമന്‍സ് അയയ്ക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിയിരിക്കെയാണ് ചോദ്യം ചെയ്യാനുള്ള നീക്കം. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇ ഡി നീക്കമെന്നതും ശ്രദ്ധേയമാണ്.