ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച; ദേവസ്വം മന്ത്രി രാജിവെക്കണം: കെ കെ അബ്ദുല്‍ ജബ്ബാര്‍

Update: 2025-10-08 07:00 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി കവര്‍ച്ച നടത്തിയെന്ന കേസ് ഏറെ ഗൗരവകരമാണെന്നും ദേവസ്വം മന്ത്രിക്ക് കസേരയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ധ്യം നേടിയവരുടെ കൂട്ടായ്മയാണ് കേരളം ഭരിക്കുന്നതെന്നു വ്യക്തമായിരിക്കുന്നു. ഭക്തര്‍ ദൈവത്തിനു കാണിക്ക അര്‍പ്പിച്ച സ്വര്‍ണം പോലും കവര്‍ച്ച ചെയ്തിരിക്കുന്നു എന്നത് അങ്ങേയറ്റം ലജ്ജാകരമാണ്. വിഷയത്തില്‍ കേരള ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഗുരുതരമായ ക്രമക്കേടുകള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. ദ്വാരപാലക വിഗ്രഹങ്ങളുടെ സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ 2019 ല്‍ വീണ്ടും പൂശാനായി എടുത്തപ്പോള്‍ ഭാരത്തില്‍ വലിയ കുറവുണ്ടായി എന്നാണ് കണ്ടെത്തല്‍. ഏകദേശം 4 മുതല്‍ 4.5 കിലോഗ്രാം വരെ ഭാരക്കുറവ് രേഖപ്പെടുത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

1999ല്‍ വിജയ മല്യ സ്പോണ്‍സര്‍ ചെയ്ത് സ്വര്‍ണം പൂശിയ പാളികള്‍ 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയപ്പോള്‍ ദേവസ്വം രേഖകളില്‍ 'ചെമ്പ് പാളികള്‍' എന്ന് മാത്രം രേഖപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1.5 കിലോയിലധികം സ്വര്‍ണം ഈ പാളികളില്‍ ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് കൂടി പ്രതിക്കൂട്ടില്‍ ആയ കേസില്‍ ദേവസ്വം വിജിലന്‍സിനെ തന്നെ അന്വേഷണം ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടി പരിഹാസ്യമാണ്. യഥാര്‍ത്ഥ സ്വര്‍ണ്ണം പൂശിയ വിഗ്രഹങ്ങള്‍ വിറ്റഴിച്ചതിനും പണം ദുരുപയോഗം ചെയ്തതിനും സാധ്യതയുണ്ടെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ, ദേവസ്വം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായും, ചില ഉദ്യോഗസ്ഥര്‍ പോറ്റിയുമായി ഒത്തുകളിച്ചതായും കോടതി തന്നെ വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കൂട്ടു പ്രതികളായ ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ വൈകുന്നത് തന്നെ തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ഒരു വശത്തു കൊള്ളയും മറുവശത്ത് സംഗമവും നടത്തി ഭക്തരെ കബളിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍. കുറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കം ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കെ കെ അബ്ദുല്‍ ജബ്ബാര്‍ ആവശ്യപ്പെട്ടു.

Tags: