ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Update: 2026-01-27 06:17 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത വിവരങ്ങളായിരുന്നു പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ നിര്‍ദേശം സഭയില്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അടിയന്തര പ്രമേയം തള്ളിയ വിഷയത്തില്‍ എതിര്‍പ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിന്നാലെ ബഹളം വെച്ചാല്‍ പ്രതിപക്ഷ നേതാവിന് മൈക്ക് നല്‍കാനാവില്ലെന്ന് സ്പീക്കര്‍ പറയുകയും അങ്ങനെ പറയേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ക്രൂരമായി പയ്യന്നൂരില്‍ മര്‍ദ്ദനമേറ്റെന്നും അടിയന്തര പ്രാധാന്യമുള്ള വിഷയം തന്നെയാണ് അതെന്നും വി ഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.

Tags: