ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്വേഷണ പുരോഗതി റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്‌ഐടി

Update: 2026-01-19 06:17 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച എസ്‌ഐടിയുടെ ഇടക്കാല റിപോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശില്‍പ്പങ്ങള്‍ അടക്കമുള്ള സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപോര്‍ട്ടിനൊപ്പം ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥരായ എഡിജിപി എച്ച് വെങ്കിടേഷ്, എസ് ശശിധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാര്‍ത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപോര്‍ട്ടിലുണ്ടാകും. സ്വര്‍ണപ്പാളികളില്‍ നിന്ന് കൂടുതല്‍ സ്വര്‍ണം നഷ്ടമായി എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠരര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടര്‍ നടപടികളും എസ്‌ഐടി ഹൈക്കോടതിയെ അറിയിക്കും. വാജി വാഹനം, കൊടിമരം പുനഃസ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ സംശയങ്ങളും കോടതിയെ അറിയിക്കും.

Tags: