ശബരിമല സ്വര്‍ണക്കൊള്ള കേസ്; എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

Update: 2026-03-17 05:47 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടി. തന്ത്രിയ്‌ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപീലിലാണ് സ്റ്റേ നല്‍കിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യഹരജിയെയും വിചാരണ കോടതിയുടെ പരാമര്‍ശങ്ങളെയും എതിര്‍ത്താണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. എസ്‌ഐടിയുടെ അപ്പീലില്‍ തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്തു.

തന്ത്രിക്ക് കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് എസ്‌ഐടി വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായും മറ്റുള്ള ആളുകളുമായും തന്ത്രിക്ക് ബന്ധമുണ്ടെന്നും അതിന്റെ തെളിവുകളെല്ലാം എസ്‌ഐടിയുടെ പക്കല്‍ ഉണ്ടെന്നും വ്യക്തമാക്കിയിട്ടുപോലും അവ പരിശോധിക്കാനോ തെളിവുകള്‍ പരിഗണിക്കാനോ വിചാരണക്കോടതി തയ്യാറായിരുന്നില്ല എന്നാണ് എസ്‌ഐടിയുടെ വിലയിരുത്തല്‍.

തന്ത്രിയുടെ പങ്ക് തെളിയിക്കാന്‍ എസ്‌ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്. എസ്‌ഐടിയുടെ വാദങ്ങള്‍ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളില്‍ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്ക് ചുമതലയില്ല. ശില്‍പ്പങ്ങളും പാളികളും സ്വര്‍ണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നുമാണ് ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നത്.

Tags: