റഷ്യയുടെ സുഖോയ്-57 യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക്

Update: 2026-04-12 08:57 GMT

ന്യൂഡല്‍ഹി: റഷ്യയുടെ അഞ്ചാം തലമുറ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-57 ഇന്ത്യയ്ക്ക് നല്‍കാന്‍ റഷ്യ ഔദ്യോഗികമായി മുന്നോട്ടുവന്നിരിക്കുകയാണ്. രണ്ടു സ്‌ക്വാഡ്രണുകളിലായി 36 മുതല്‍ 40 വരെ വിമാനങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. റിപോര്‍ട്ടുകള്‍ പ്രകാരം കരാര്‍ യാഥാര്‍ഥ്യമായാല്‍ 2027-28 കാലയളവില്‍ വിതരണത്തിന് തുടക്കമാകുകയും 2030-31ഓടെ ഇന്ത്യന്‍ വ്യോമസേനയില്‍ പൂര്‍ണമായി ഉള്‍പ്പെടുത്തുകയും ചെയ്യും. ഇന്ത്യയുടെ സ്വദേശീയ എഎംസിഎ പദ്ധതി സജ്ജമാകുന്നത് വരെ ഇടക്കാല പരിഹാരമായാണ് ഈ നീക്കം വിലയിരുത്തുന്നത്.

'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി വിമാന നിര്‍മ്മാണത്തിന്റെ ഒരു ഭാഗം ഇന്ത്യയില്‍ തന്നെ നടത്താന്‍ റഷ്യ തയ്യാറാണെന്നും ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി സഹകരിച്ച് നാസിക് പ്ലാന്റില്‍ നിര്‍മ്മാണം സാധ്യമാക്കാമെന്നും നിര്‍ദ്ദേശമുണ്ട്. സാങ്കേതിക വിദ്യ കൈമാറ്റത്തിനും റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, കരാറിന്റെ ചെലവ്, സാങ്കേതികവിദ്യയുടെ പൂര്‍ണ കൈമാറ്റം, വിദേശ ആശ്രിതത്വം എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യ സൂക്ഷ്മമായി പഠനം നടത്തുകയാണ്. അന്തിമ തീരുമാനം വരും മാസങ്ങളില്‍ മാത്രമേ ഉണ്ടാകൂ.

Tags: