റഷ്യ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലിന്റെ വില കുറച്ചു; ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇളവ്
ന്യൂഡല്‍ഹി: ഷാങ്ഹായ് ഉച്ചകോടിക്ക് പിന്നാലെ ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില റഷ്യ കുറച്ചതായി റിപ്പോര്‍ട്ടുകള്‍. ബാരലിന് നാലുഡോളര്‍ വരെ ഇളവാണ് റഷ്യ പ്രഖ്യാപിച്ചത്. സെപ്റ്റംബറും ഒക്ടോബറും മാസങ്ങളില്‍ ഇന്ത്യ ദിവസേന മൂന്നുലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുമെന്നാണ് വിവരം.
യുരാള്‍ ഗ്രേഡിലുള്ള ക്രൂഡ് ഓയിലിനാണ് റഷ്യ വിലക്കിഴിവ് നല്‍കിയത്. ജൂലൈയില്‍ ബാരലിന് ഒരു ഡോളര്‍ മാത്രമായിരുന്നു റഷ്യ നല്‍കിയ ഇളവ്, എന്നാല്‍ കഴിഞ്ഞ ആഴ്ചയോടെ അത് 2.5 ഡോളറായി ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ അധിക തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ വിലക്കിഴിവുകളുമായി എത്തിയത്. ചൈനയില്‍ നടന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ത്യ-റഷ്യ ബന്ധം ''ആഴത്തിലുള്ളത്'' ആണെന്ന് പുടിന്‍ വ്യക്തമാക്കിയപ്പോള്‍, റഷ്യയുമായി ഇന്ത്യയ്ക്ക് ''പ്രത്യേക ബന്ധമുണ്ടെന്ന്'' പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.