റഷ്യന്‍ അധിനിവേശം; യുക്രെയ്‌നില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ എണ്ണം 3.3 ദശലക്ഷമായി
ജനീവ; റഷ്യന്‍ അധിനിവേശം ആരംഭിച്ചശേഷം യക്രെയ്ന്‍ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം 3.3 ദശലക്ഷമായി. കൂടാതെ രാജ്യത്തിനകത്ത് 6.5 ദശലക്ഷം പേര്‍ ആഭ്യന്തര അഭയാര്‍ത്ഥികളായി. ഏറ്റവും കൂടുതല്‍ പേര്‍ കുടിയേറിയത് പോളണ്ടിലേക്കാണ്, കുറവ് ബെലാറസിലേക്കുമാണ്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സിയാണ് കണക്കുകള്‍ പുറത്തുവിട്ടത്.
മാര്‍ച്ച് 20 വരെയുളള കണക്കനുസരിച്ച് പോളണ്ടിലേക്ക് 20,83,854 പേര്‍ കുടിയേറി. റൊമാനിയയിലേക്ക് 5,35,461 പേരും മൊള്‍ഡോവയിലേക്ക് 3,65,197 പേരും ഹങ്കറിയിലേക്ക് 3,12,120 പേരും സ്ലോവാക്യയിലേക്ക് 2,50,036 പേരും റഷ്യന്‍ ഫെഡറേഷനിലേക്ക് 2,31,764 പേരും ബെലാറസിലേക്ക് 3,765 പേരും കുടിയേറി.
ഇതോടെ പ്രവാസികളായ യുക്രെയ്ന്‍കാരുടെ ആകെ എണ്ണം ആഗോളതലത്തില്‍ 6.1 ദശലക്ഷമായി. യൂറോപ്യന്‍ മേഖലയില്‍ 5 ദശലക്ഷവുമായി.