പെട്രോള്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തി റഷ്യ

Update: 2026-03-29 05:59 GMT

മോസ്‌കോ: ഏപ്രില്‍ ഒന്നു മുതല്‍ പെട്രോള്‍ കയറ്റുമതി താല്‍ക്കാലികമായി നിരോധിക്കാന്‍ റഷ്യ തീരുമാനിച്ചു. ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയും വില വ്യതിയാനങ്ങളും പരിഗണിച്ചാണ് നടപടി. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥകള്‍ വിപണിയില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചതായി റഷ്യന്‍ ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക് വ്യക്തമാക്കി.

കയറ്റുമതി നിരോധനം സംബന്ധിച്ച പ്രമേയം തയ്യാറാക്കാന്‍ ഊര്‍ജ മന്ത്രാലയത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ജൂലായ് 31 വരെ നിയന്ത്രണം തുടരാനാണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. വിദേശ വിപണിയില്‍ ആവശ്യകത ഉയര്‍ന്നിരിക്കുമ്പോഴും ആഭ്യന്തര വിപണിയിലെ ഇന്ധന ലഭ്യത ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

കഴിഞ്ഞ വര്‍ഷം റഷ്യയിലെ ചില പ്രദേശങ്ങളിലും റഷ്യയുടെ നിയന്ത്രണത്തിലുള്ള ഉക്രെയ്ന്‍ ഭാഗങ്ങളിലും പെട്രോള്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നു. എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും ഇന്ധനാവശ്യകത ഉയര്‍ന്നതുമാണ് അന്നത്തെ പ്രതിസന്ധിക്ക് കാരണമായത്.

Tags: