സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികസനത്തിന് പിന്തുണ നല്‍കിയതും ആഗോളതലത്തില്‍ വിപണനം നടത്തുന്നതും.

Update: 2020-11-11 18:00 GMT

മോസ്‌കോ:സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യ. രണ്ട് ഡോസ് വാക്സിനുകളും ലഭിച്ച ആദ്യത്തെ 16,000 പേരില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഫലങ്ങള്‍. ഫൈസറും ബയോ എന്‍ടെക്കും വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 90 ശതമാനം വിജയമാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് ആദ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച റഷ്യ തങ്ങളുടെ വാക്‌സിന്റെ വിജയ ശതമാനം അറിയിച്ചത്.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികസനത്തിന് പിന്തുണ നല്‍കിയതും ആഗോളതലത്തില്‍ വിപണനം നടത്തുന്നതും. ''വളരെ ഫലപ്രദമായ വാക്‌സിന്‍ ഞങ്ങളുടെ പക്കലുണ്ടെന്ന് പഠനം കാണിക്കുന്നു,'' ആര്‍ഡിഎഫ് മേധാവി കിറില്‍ ഡിമിട്രീവ് പറഞ്ഞു. പരീക്ഷണം ആറുമാസം കൂടി തുടരുമെന്നും പഠനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഒരു പ്രമുഖ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുമെന്നും ആര്‍ഡിഎഫ് അറിയിച്ചു.

യുഎസുമായി ബഹിരാകാശ മല്‍സരത്തിന് തുടക്കമിട്ട സോവിയറ്റ് കാലഘട്ടത്തിലെ ഉപഗ്രഹത്തിന്റെ പേരാണ് റഷ്യ കൊവിഡ് വാക്‌സിന് നല്‍കിയത്. ആദ്യം വാക്‌സിന്‍ കണ്ടെത്തുന്നതില്‍ റഷ്യയാണ് മുന്നിലെത്തിയത്. സ്പുട്‌നിക് വാക്‌സിനു പിറകെ സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന മറ്റൊരു വാക്‌സിന്‍ കൂടി റഷ്യയില്‍ പരീക്ഷിക്കുന്നുണ്ട്.

Tags:    

Similar News