ഇന്ധന നികുതി കുറയ്ക്കാതെ പിന്നോട്ടില്ലെന്ന് വിഡി സതീശന്‍; ഉമ്മന്‍ചാണ്ടിയുടെ കാലത്ത് 13 തവണ നികുതി കൂട്ടിയെന്ന് മന്ത്രി

സൈക്കിളില്‍ സഭയിലെത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ, പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകുമോ എന്നുചോദിച്ച് മന്ത്രി പരിഹസിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ 19 എംപിമാര്‍ ഡല്‍ഹിയില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചപ്പോള്‍, സിപിഎം അംഗം ഒപ്പം നിന്നില്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.

Update: 2021-11-11 08:38 GMT

തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാതെ പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഇടപെടല്‍ വേണമെന്നും അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു.

കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന് ഇന്നും പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്ക്ക് പുറത്തും പ്രതിഷേധിച്ചു. എന്നാല്‍ യുഡിഎഫ് കാലത്ത് ഇന്ധന നികുതി 92 ശതമാനം വര്‍ധിപ്പിച്ചെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. കഴിഞ്ഞ ആറ് വര്‍ഷമായി നികുതി നിരക്ക് കൂട്ടിയിട്ടില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 13 തവണ നികുതി കൂട്ടിയെന്നും മന്ത്രി പറഞ്ഞു.

സൈക്കിളില്‍ സഭയിലെത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ, പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകുമോ എന്നുചോദിച്ച് മന്ത്രി പരിഹസിക്കുകയും ചെയ്തു.

പ്രതീകാത്മക സമരത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരിനെതിരെ 19 എംപിമാര്‍ ഡല്‍ഹിയില്‍ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചപ്പോള്‍, സിപിഎം അംഗം ഒപ്പം നിന്നില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ ദേശവ്യാപക പ്രക്ഷോഭം സംഘടിപ്പിച്ചത് കോണ്‍ഗ്രസാണ്. വില നിയന്ത്രണ അധികാരം ഓയില്‍ കമ്പനികള്‍ക്ക് നല്‍കിയതല്ല വര്‍ധനവിന് കാരണം. യുഡിഎഫ് കാലത്ത് ഇന്ധന നികുതിയിലൂടെ 500 കോടി കിട്ടിയപ്പോള്‍ എല്‍ഡിഎഫിന് 5000 കോടി അധികം കിട്ടി. അധിക വരുമാനത്തിന്റെ പുറത്തുകയറി ഇരിക്കാതെ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഇടപെടല്‍ നടത്തുമോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ പോയിട്ടുണ്ടെന്ന് മന്ത്രിയുടെ പരിഹാസത്തിന് കെ ബാബു മറുപടി നല്‍കി.

കേരളത്തിലെ 19 എംപിമാരും ഉണ്ടായിരുന്നു. സംസ്ഥാനം നികുതി കുറയ്ക്കില്ല എന്നത് മുട്ടാപ്പോക്ക് ന്യായമാണ്. ജനങ്ങള്‍ പ്രയാസത്തിലാണ്. ജനങ്ങളെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. ചേട്ടന്‍ ബാവ അനിയന്‍ ബാവ കളിക്കുകയാണ് കേന്ദ്രവും സംസ്ഥാനവും. നികുതി ഭീകരതക്ക് കേരളം കൂട്ടുനില്‍ക്കുകയാണെന്നും കെ ബാബു കുറ്റപ്പെടുത്തി.

Tags: