മുല്ലപ്പെരിയാര്‍ ഡാമിന്റെ റൂള്‍ കര്‍വ് ലഭ്യമാക്കണം; വീഴ്ചയുണ്ടായാല്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കെതിരേ വ്യക്തിപരമായി നടപടിയെടുക്കുമെന്ന് സുപ്രിംകോടതി

Update: 2021-03-16 16:47 GMT

ന്യൂഡല്‍ഹി: തമിഴ്‌നാട് ചീഫ് സെക്രട്ടറിക്കെതിരേ സുപ്രികോടിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ റൂള്‍ കര്‍വ് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നും അതിലുണ്ടാകുന്ന വീഴ്ച ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും സുപ്രിംകോടതി മുന്നറിയിപ്പുനല്‍കി.

ഒരു ഡാമിന്റെ വിവിധ സമയത്തെ സംഭരണനില കാണിക്കുന്ന ഗ്രാഫാണ് റൂള്‍ കര്‍വ്. ഇതിനനുസരിച്ചാണ് ഡാമിന്റെ ഗേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഡാം സുരക്ഷയില്‍ വലിയ പങ്കുവഹിക്കുന്ന സംവിധാനമാണ് ഇത്.

ഒരു ദിവസത്തെ വാദപ്രതിവാദത്തിനുശേഷമാണ് ചീഫ് സെക്രട്ടറിയെ വ്യക്തിപരമായി പരാമര്‍ശിച്ച് കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് ഖാന്‍വികര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സുരക്ഷയുമായി ബന്ധപ്പെട്ട മൂന്ന് പ്രശ്‌നങ്ങളാണ് പരിഗണിക്കേണ്ടതെന്ന് കോടതി മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചു. ഡാമിലെ വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. റൂള്‍ കര്‍വ് തയ്യാറാക്കണം, ഡാമിന്റെ ഷട്ടര്‍ തുറക്കുന്നതും നിരീക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച റിപോര്‍ട്ട് നാല് ആഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണം.

മേല്‍നോട്ട സമിതി മൂന്നു ഘടകങ്ങളും കൃത്യമായി പരിശോധിച്ച് നാലാഴ്ചയ്ക്കുശേഷം കോടതിയെ അറിയിക്കണം. അത് സുപ്രധാനമാണ്. കാരണം സമീപപ്രദേശത്തെ ജനങ്ങളുടെ ജീവന്‍ ഇതിനെ ആശ്രയിച്ചാണിരിക്കുന്നത്.

123 വര്‍ഷത്തെ പഴക്കമുള്ള ഡാമിന്റെ റൂള്‍ കര്‍വ് തയ്യാറാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു. ഇത്തരം നിലപാടാണ് കേരളം എല്ലാ കാലത്തും എടുത്തതെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.

Tags: